ഭാര്യ ഗര്‍ഭിണിയാണോ? അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

0
173

ഭാര്യ ഗര്‍ഭിണിയാണോ? അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

ഗര്‍ഭകാലം ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഭാര്യ ഗര്‍ഭിണിയാണെന്നറിയുന്ന നിമിഷം മുതല്‍ ജീവിതം മാറുകയാണ്. ഭാര്യയുടെ മാത്രമല്ല, ഭര്‍ത്താവിന്റെയും. ഭാര്യയുടെ ശരീരത്തിലും മനസ്സിലുമുണ്ടാകുന്ന ഓരോ മാറ്റവും അവള്‍ക്കൊപ്പം തിരിച്ചറിയുകയും എന്തിനും കൂടെ നില്‍ക്കുകയും ചെയ്യുന്ന ഭര്‍ത്താവിനോടുള്ള കടപ്പാടും സ്‌നേഹവും ജീവിതാവസാനം വരെ അവളിലുണ്ടാകും. ആ സ്‌നേഹമധുരം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഭര്‍ത്താക്കന്മാര്‍ അറിയാന്‍ ചില കരുതലുകള്‍…

ദൂരെ നില്‍ക്കട്ടെ സംശയങ്ങള്‍
ഗര്‍ഭിണി എത്ര നേരം വിശ്രമിക്കണം, ഏതു വശത്തേക്കു തിരിഞ്ഞു കിടക്കണം, എന്തൊക്കെ ഭക്ഷണം കഴിക്കണം എന്നു തുടങ്ങി നിസ്സാരമെന്നു കരുതി തള്ളിക്കളയുന്ന ചെറിയ കാര്യങ്ങളെക്കുറിച്ചു പോലും അറിയാന്‍ ശ്രമിക്കുകയാണ് ആദ്യം വേണ്ടത്.

പുസ്തകങ്ങളും വെബ്‌സൈറ്റുകളും ഇത്തരം വിവരങ്ങള്‍ നല്‍കും. അല്ലെങ്കില്‍ ഭാര്യയ്‌ക്കൊപ്പം ചെക് അപ്പിനു പോകുമ്പോള്‍ ഡോക്ടറോടു തന്നെ ചോദിക്കൂ.

പൊസിറ്റീവ് മനോഭാവം
ഗര്‍ഭിണിയായ ഭാര്യ ചെക് അപ്പിനു പോകുമ്പോള്‍ ഒപ്പം ചെല്ലും എന്ന് ആദ്യം മുതലേ തീരുമാനിക്കുക. നിസ്സാരകാര്യമാണിതെന്നു കരുതരുത്. പ്രാധാന്യമില്ലാത്ത മറ്റു കാര്യങ്ങള്‍ ഇതിനായി മാറ്റിവയ്ക്കുക തന്നെ വേണം. ഒന്നോ രണ്ടോ തവണയല്ല, എപ്പോഴും.

ഭര്‍ത്താവ് കൂടെ ചെല്ലുന്നത് ഭാര്യയുടെ ആത്മവിശ്വാസം കൂട്ടും. ഭര്‍ത്താവ് തന്റെ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കുന്നല്ലോ എന്നറിയുമ്പോള്‍ ഭാര്യയുടെ ക്ഷീണം പാതി കുറയും. ഭര്‍ത്താവിനൊപ്പം വരുന്ന ഗര്‍ഭിണികളുടെയും അമ്മയുടെ കൂടെ വരുന്നവരുടെയും മാനസികാരോഗ്യത്തില്‍ വ്യത്യാസമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

എനിക്ക് ഓഫിസില്‍ ജോലിയുണ്ട്, പരിചയമുള്ള ഡോക്ടറല്ലേ അമ്മയെ കൂട്ടി പൊയ്‌ക്കോളൂ’ എന്നു പറയുമ്പോള്‍ ഭാര്യയുടെ മുഖം വാടുന്നതു കാണാം. ഇത്തരം സന്ദര്‍ഭങ്ങളിലും ഭര്‍ത്താവ് കൂടെയുണ്ട് എന്ന വിശ്വാസം ഉണ്ടാക്കണം. സന്തോഷകരമായ ഗര്‍ഭകാലത്തിന് ഏറ്റവും അത്യാവശ്യമായ കാര്യങ്ങളിലൊന്നാണിത്. നെഗറ്റീവ് ചിന്തകളോ പ്രവൃത്തികളോ ഉണ്ടാകരുത്. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം

കുറയ്ക്കണം പിരിമുറുക്കം
ഗര്‍ഭിണിയാണെന്നറിയുന്നതോടെ ഭാര്യയുടെ ലൈഫ് സ്‌റ്റൈല്‍ തന്നെ മാറും. ശരീരത്തിനകത്ത്, രൂപത്തില്‍, ചിന്തയില്‍, ശീലങ്ങളില്‍ എല്ലാം ദിവസം തോറും മാറ്റങ്ങള്‍ വരും. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ അവരുടെ മനസ്സിനെയും ബാധിക്കാം. മാറ്റങ്ങളെ സ്വാഗതം ചെയ്യുകയാണ് പിന്നെ വേണ്ടത്.
‘എപ്പോഴും കിടപ്പു തന്നെ’ എന്ന രീതിയില്‍ നെഗറ്റീവ് വാക്കുകള്‍ അവരോടു പറയാതിരിക്കുക. എത്ര ചെറിയ കാര്യമായാലും മനസ്സുകൊണ്ടും വാക്കു കൊണ്ടും പിന്തുണ കൊടുക്കുക. അതവര്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതാകില്ല.

ഗര്‍ഭത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചുമുള്ള പല കഥകള്‍ കേട്ടും വായിച്ചറിഞ്ഞും ഗര്‍ഭകാലത്തിന്റെ തുടക്കം മുതലേ ഭാര്യ പലതരം ആശങ്കയിലായിരിക്കും. അവരെ കുറ്റപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചാല്‍ ആശങ്കകള്‍ കൂടുകയേ ഉള്ളൂ. കേട്ടതൊന്നും കാര്യമാക്കേണ്ട, ധൈര്യമായിരിക്കൂ ഞാനില്ലേ കൂടെ എന്ന സാന്ത്വനം മതി അവരുടെ മനസ്സു നിറയാന്‍.

എന്നും എപ്പോഴും കൂടെ
പ്രസവസമയത്ത് സാന്ത്വനവാക്കുകളുമായി ഭര്‍ത്താവ് കൂടെയുണ്ടാകണമെന്ന് ഏതു ഭാര്യയും ആഗ്രഹിക്കും. കഴിയുമെങ്കില്‍ കുഞ്ഞിന് ജന്‍മം നല്‍കുന്ന ആ നിമിഷത്തിലും അവളുടെ കൂടെ നില്‍ക്കുക. ദാമ്പത്യത്തിന്റെ തുടക്കത്തില്‍ കാണിക്കുന്ന സൗഹൃ ദമനോഭാവം എന്നും നമുക്കിടയിലുണ്ടാകും എന്ന് പ്രവൃത്തിയിലൂടെ അവരെ ബോധ്യപ്പെടുത്തുക

സ്‌നേഹം അറിയിക്കുക
സ്പര്‍ശനവും സാമീപ്യവും ഏതു ബന്ധത്തിലും പൊസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാക്കും. മോണിങ് വാക്കിന് പോകുമ്പോള്‍ ഗര്‍ഭിണിയായ ഭാര്യയേയും കൂട്ടിക്കോളൂ. അവളുടെ കൈ പിടിച്ച് ഇടയ്ക്ക് ഒരിത്തിരി ദൂരം നടന്നു നോക്കൂ. വയ്യാതാകുമ്പോള്‍ അവളെ ചേര്‍ത്തു പിടിച്ച് കൂട്ടിരിക്കാം. സ്ത്രീയുടെ ഭാഷ പുരുഷനു മനസ്സിലാകാറില്ല. ഗര്‍ഭിണിയായ ഭാര്യ ‘വിശക്കുന്നു’ എന്നു പറയുമ്പോള്‍ അതിലൂടെ അവള്‍ യഥാര്‍ഥത്തില്‍ ആഗ്രഹിക്കുന്നത് എന്താണെന്ന് അറിയാന്‍ സ്ത്രീയെ അടുത്തറിഞ്ഞാല്‍ മാത്രം മതി.

വിശപ്പു മാറ്റുന്നതിനേക്കാള്‍ ഭര്‍ത്താവിന്റെ സ്‌നേഹം കിട്ടാനൊരു അവസരമാണത്. സ്‌നേഹത്തോടെ ഒരു ഉരുള ചോറ് വായില്‍ വച്ചു കൊടുത്തു നോക്കൂ. അവരുടെ സന്തോഷം ഇരട്ടിക്കുന്നതു കാണാം. ‘ഫ്രിഡ്ജിലില്ലേ, എടുത്ത് കഴിച്ചോളൂ’ എന്നു പറയുന്ന ഭര്‍ത്താവിനോട് ഭാര്യയ്ക്ക് വൈകാരികമായ അടുപ്പം ഉണ്ടാകില്ല. ചെറിയ കാര്യങ്ങള്‍ക്ക് അനാവശ്യമായി വഴക്കുണ്ടാക്കാതിരിക്കുക. വൈകാരിക പിന്തുണ കിട്ടാതെ വരുന്നവര്‍ക്ക് പ്രസവശേഷം വിഷാദം ഉണ്ടാകാം.

പ്രണയിക്കാം, സെക്‌സ് ഇല്ലാതെ
ഗര്‍ഭിണികള്‍ ആദ്യ മൂന്നുമാസം ലൈംഗികബന്ധം മാറ്റി നിര്‍ത്തണമെന്ന കാര്യം പുരുഷന്‍ മനസ്സിലാക്കിയിരിക്കണം. ഭാര്യയുടെ അവസ്ഥയെ സ്വീകരിക്കുക. അതിന്റെ പേരിലുള്ള ചെറിയ പരാമര്‍ശം പോലും ഭാര്യയെ വിഷമി പ്പിച്ചേക്കാം. ‘പ്രണയം കേവലം ശാരീരികമല്ല’ ’ എന്നു ഭാര്യയെ ധരിപ്പിക്കുക. ലൈംഗികതയില്ലെങ്കിലും പ്രണയത്തിനും അവരോടുള്ള സ്‌നേഹത്തിനും കുറവുണ്ടാകില്ലെന്ന് ബോധ്യപ്പെടുത്തണം.

അവസാന മൂന്നുമാസങ്ങളിലും ലൈംഗികബന്ധം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഡിസ്ചാര്‍ജ്, ബ്ലീഡിങ്, പുറംവേദന പോലുള്ള അസ്വസ്ഥതകളുണ്ടെങ്കില്‍ പ്രത്യേക കരുതല്‍ വേണം. പ്രസവശേഷം ശരീരത്തെക്കുറിച്ച് മോശമായി സംസാരിക്കാതെ പഴയ സൗന്ദര്യം നിലനിര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുക.

ഭക്ഷണ താല്‍പര്യങ്ങള്‍
പലതും മാറുന്ന കൂട്ടത്തില്‍ ഭക്ഷണതാല്‍പര്യങ്ങളും മാറും. അതുവരെ പുളിയോ മധുരമോ എരിവോ ഇഷ്ടമില്ലാത്ത ഭാര്യ ഇതെല്ലാം ആര്‍ത്തിയോടെ അകത്താക്കുന്നത് കണ്ടാല്‍ അദ്ഭുതപ്പെടേണ്ട. ചിലപ്പോള്‍ ആഹാരസാധനങ്ങളല്ലാത്ത വസ്തുക്കളും തിന്നാന്‍ മുതിര്‍ന്നെന്നു വരാം. പോഷകാംശങ്ങളുടെ കുറവു കൊണ്ടുണ്ടാകുന്ന അവസ്ഥയാണിത്. ഗര്‍ഭിണി എപ്പോള്‍, എന്തൊക്കെ കഴിക്കണം എന്ന് മനസ്സിലാക്കി പെരുമാറാന്‍ ഭര്‍ത്താവിനു കഴിയണം. പ്രഷറോ പ്രമേഹമോ ഉള്ള ഭാര്യമാര്‍ക്ക് സമയം തെറ്റാതെ മരുന്നുകള്‍ എടുത്തു കൊടുക്കാനും പോഷക സമൃദ്ധമായ ഭക്ഷണം നല്‍കാനും ഭര്‍ത്താവിന്റെ ശ്രദ്ധ വേണം.

ഭാര്യയ്ക്ക് അമ്മയാകുക
മറ്റാരും കൂടെയില്ലെങ്കില്‍ അമ്മയുടെ സ്ഥാനം നിങ്ങള്‍ ഏറ്റെടുക്കൂ. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭാര്യയുടെ കാലു തിരുമ്മിക്കൊടുക്കുന്നതിന് അഭിമാനക്കുറവ് വിചാരിക്കേണ്ടതില്ല. ഭാര്യ അമ്മയായി മാറുമ്പോള്‍ നിങ്ങള്‍ ഭാര്യയുടെ അമ്മയാവുക. അവള്‍ക്കു വേണ്ടതെല്ലാം ചെയ്തു കൊടുക്കുക. താലോലിക്കുക.

അവള്‍ അമ്മയാകുന്നതിനൊപ്പം ഞാനൊരു അച്ഛനാകാന്‍ പോകുകയാണ് എന്ന് അറിയുമ്പോള്‍ അച്ഛന്റെ റോളിനായും ഒരുങ്ങുക. കുഞ്ഞിനെ എടുക്കേണ്ടതും കുളിപ്പിക്കേണ്ടതും എങ്ങനെയാണെന്ന് സ്വന്തം അമ്മയോടോ അടുപ്പമുള്ളവരോടോ ചോദിച്ചറിയൂ.

മൂഡ് മാറ്റങ്ങളറിയാം
ഗര്‍ഭകാലത്ത് മൂഡ് മാറ്റങ്ങളും ഉറക്കപ്രശ്‌നങ്ങളും ഉണ്ടാകും. രാത്രി ഉറങ്ങാനാകാതെ വിഷമിക്കുമ്പോള്‍ ആശ്വാസമായി കൂടെയിരിക്കുക. ചിലര്‍ക്ക് രാവിലെ എഴുന്നേറ്റയുടന്‍ ഛര്‍ദിക്കണമെന്ന തോന്നലുണ്ടാകാം. അപ്പോള്‍ അകന്നു മാറി നില്‍ക്കരുത്. ‘ആരുമില്ല’ എന്ന തോന്നലില്‍ നിന്നോ ആഗ്രഹിക്കുന്ന സാമീപ്യം കിട്ടാതെ വരുമ്പോഴോ ആണ് മോണിങ് സിക്‌നെസ് കൂടുന്നത്.

അമ്മ എന്ന ബഹുമാനം
‘ഇതുവരെ എന്റെ ചങ്ങാതി മാത്രമായിരുന്നു. ഇനിയവള്‍ കുഞ്ഞിന്റെ കൂടി ചങ്ങാതിയാണ്, അമ്മയാണ്.’ ഇതു മനസ്സിലാക്കുന്ന ഭര്‍ത്താവ് ഭാര്യയുടെ റോള്‍ മാറ്റങ്ങളില്‍ അസൂയപ്പെടുകയോ പൊസസീവ് ആകുകയോ ഇല്ല. അമ്മ എന്ന ബഹുമാനത്തോടെ അവളോട് ഇടപെടുക.

LEAVE A REPLY

Please enter your comment!
Please enter your name here