ആര്യവേപ്പിന്റെ സര്‍വ്വ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം. വീട്ടിലെ സമൂല ഔഷധ വൃക്ഷമാണ് ആര്യവേപ്പ്

0
155

ഒരു സമൂല ഔഷധ വൃക്ഷമാണ് ആര്യവേപ്പ്. ഇതിന്റെ ഇല, തൊലി, വിത്ത്, തടി തുടങ്ങിയവയെല്ലാം ഔഷധവീര്യമുള്ളവയാണ്. ആയുർവേദ സംഹിതകളിലെല്ലാം തന്നെ ആര്യവേപ്പിനെ പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഔഷധമായും ജൈവകീടനാശിനിയായും ഒരേ സമയം ഉപയോഗിക്കാം എന്ന പ്രത്യേകതയും ആര്യവേപ്പിനുണ്ട്. വൃക്ഷത്തിന്റെ ഔഷധ ഗുണങ്ങൾ എണ്ണമറ്റതാണ്. പ്രധാനപ്പെട്ട ചില ഔഷധ പ്രയോഗങ്ങൾ ഏതൊക്കെയെന്നു നോക്കാം.

∙ ആര്യവേപ്പിലയും പച്ചമഞ്ഞളും ചേർത്ത് തിളപ്പിച്ച വെള്ളത്തിൽ സ്ഥിരമായി കുളിച്ചാൽ എല്ലാവിധ ത്വക്ക് രോഗങ്ങൾക്കും ശമനമുണ്ടാകും..

∙ വേപ്പിലയ്ക്കൊപ്പം മൂന്നിലൊന്ന് ഭാഗം കുരുമുളകും ചേർത്ത് പുളിച്ച മോരിൽ കലക്കി വായിൽ കൊണ്ടാൽ വായ് പുണ്ണ് ശമിക്കും.

∙ തൊലിപ്പുറത്തുണ്ടാകുന്ന അലർജി രോഗങ്ങളുടെ ചൊറിച്ചിൽ ശമിക്കുവാന്‍ വേപ്പില കൊണ്ട് തലോടുന്നത് നല്ലതാണ്.

∙ ആര്യവേപ്പിലയുടെ നീര് തേനുമായി സമാസമം ചാലിച്ച് മൂന്നു ദിവസം തുടർച്ചയായി സേവിച്ചാൽ കൃമി ശല്യത്തിന് ശമനം കിട്ടും.

∙ ആര്യവേപ്പിന്റെ ഇലയോ പട്ടയോ കഷായമാക്കി പുരട്ടിയാൽ മുറിവുണങ്ങും.. ചർമരോഗങ്ങൾ ഉള്ള ശരീരഭാഗങ്ങളിൽ ഈ കഷായം പുരട്ടിയാൽ രോഗശമനമുണ്ടാകും. സ്ഥിരമായി ഉണങ്ങാത്ത മുറിവിന് ആര്യവേപ്പിന്റെ പട്ട കഷായമാക്കി കുടിക്കുന്നത് ഫലം ചെയ്യും.

∙ വേപ്പിലനീര് 10 മില്ലി ലിറ്റർ മൂന്നു നേരം കുടിച്ചാൽ വിശ്വാചി എന്ന വാതരോഗം ശമിക്കും.

∙ കുരുമുളക്, ഞാവൽപട്ട എന്നിവയോടൊപ്പം ആര്യവേപ്പിന്റെ പഴുപ്പും ചേർത്ത് ഉണക്കിപ്പൊടിച്ച് പൂർണമായി ഒരു സ്പൂൺ വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ വയറിളക്കം ശമിക്കും.

∙ വിഷ ജന്തുക്കൾ കടിച്ചുണ്ടാകുന്ന മുറിവിന് ആര്യവേപ്പ് മികച്ച ഔഷധമാണ്. ആര്യവേപ്പിലയും കണവും അരച്ച് മുറിവിൽ ദിവസവും രണ്ടു പ്രാവശ്യം വീതം പുരട്ടിയാൽ മുറിവുണങ്ങും.

∙ പൊള്ളലേറ്റ ഭാഗത്ത് ആര്യവേപ്പില അരച്ചു പുരട്ടിയാൽ മുറിവ് വേഗത്തിലുണങ്ങും.

∙ ഇടയ്ക്കൊക്കെ വേപ്പില അരച്ച് കുഴമ്പു രൂപത്തിൽ സേവിക്കുന്നത് രക്തശുദ്ധിക്ക് നല്ലതാണ്.

മികച്ച അണുനാശിനിയും കീടനാശിനിയുമാണ് ആര്യവേപ്പില. പയറുവർഗ്ഗങ്ങൾ, അണ്ടിവർഗ്ഗങ്ങൾ തുടങ്ങിവയ്ക്കൊപ്പം ആര്യവേപ്പിന്റെ ഏതാനും ഇലകൾ കൂടി നിക്ഷേപിച്ചാൽ അവയ്ക്ക് കീടബാധ ഏല്ക്കുകയില്ല. ദീർഘനാൾ കേടു കൂടാതെയിരിക്കും. വേപ്പിന്‍ തൈലം നല്ലൊരു കീടനാശിനിയായി ഔഷധത്തോട്ടങ്ങളിൽ ഉപയോഗിക്കാവുന്നതാണ്.

ആര്യവേപ്പിന്റെ എണ്ണ ആട്ടിയെടുത്ത ശേഷം മാറ്റുന്ന വേപ്പിൻ പിണ്ണാക്ക് നല്ലൊരു ജൈവ വളമാണ്. സ്ഥല സൗകര്യമുണ്ടെങ്കിൽ ഗൃഹപരിസരത്ത് നട്ടുവളർത്താവുന്ന ഒരു വൃക്ഷമാണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ ഇലകളിൽ തട്ടിവരുന്ന കാറ്റു പോലും ഔഷധ ഗുണപ്രദമാണെന്ന കാര്യം ഓർക്കുക.

വേപ്പിൻ തൈലം കൈകാലുകളിൽ പുരട്ടിയാലോ, വെള്ളവുമായി മിശ്രണം ചെയ്ത് മുറിക്കുള്ളിൽ സന്ധ്യാസമയത്ത് ചെറുതായി സ്പ്രേ ചെയ്താലോ കൊതുകിന്റെ ശല്യം മാറും.

LEAVE A REPLY

Please enter your comment!
Please enter your name here