സ്വന്തം നെഞ്ച് തുളച്ച് മകള്‍ക്ക് ശ്വാസം നല്‍കിയ അച്ഛന്‍..! ആ വ്യാജ വാര്‍ത്തയെക്കുറിച്ച് ഡോ. ഷിനു ശ്യാമളന്‍

0
99

ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായ മകള്‍ക്ക് സ്വന്തം ശ്വസനനാളിയില്‍ നിന്നും ജീവവായു പകര്‍ന്നു നല്‍കുന്ന അച്ഛന്‍..!! കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ലോകത്ത് ഏറെ വൈറലായ വാര്‍ത്തയുടെ തലക്കെട്ടും ചിത്രവുമാണ് ഇത്.

പൂര്‍ണവളര്‍ച്ചയെത്തും മുന്‍പ് പ്രസവിച്ച കുഞ്ഞിന് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായതിനെ തുടര്‍ന്ന് അച്ഛന്റെ നെഞ്ചു തുറന്ന് ശ്വസനനാളിയില്‍ നിന്നും കുഞ്ഞിന് ജീവവായു പകര്‍ന്നുവെന്നാണ് വാര്‍ത്ത. പ്രമുഖ സ്റ്റണ്ട് ഡയറക്ടറായ പീറ്റര്‍ ഹെയ്ന്‍ അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച റിപ്പോര്‍ട്ട് ആധികാരികത പരിശോധിക്കാതെ വൈറലാവുകയും ചെയ്തു. എന്നാല്‍ ചിത്രത്തില്‍ വിശദീകരണവുമായി ആരോഗ്യരംഗത്തെ വിദഗ്ധര്‍ രംഗത്തെത്തിയതോടെയാണ് വാര്‍ത്തയുടെ വാസ്തവം പുറത്തുവന്നത്.

ഒരു വര്‍ഷം മുന്‍പ് പുറത്തുവന്ന ജിം ബാക്ക്‌വുഡ്-സാന്‍ഷെസ് ദമ്പതികളുടെ കുഞ്ഞിന്റെ ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇന്‍ക്യുബറേറ്ററിന്റെ സഹായത്തോടെയുള്ള പരിചരണം നല്‍കാന്‍ പറ്റാതെ വരുമ്പോള്‍ കുഞ്ഞിന് സ്വാഭാവിക ചൂട് നല്‍കാനുള്ള ശ്രമമായ കങ്കാരൂ മദര്‍ കെയര്‍ എന്ന പരിചരണ രീതിയുടെ ചിത്രമായിരുന്നു അത്. കുട്ടിയുടെ തലയില്‍ ട്യൂബുകളും മറ്റും പ്ലാസ്റ്റര്‍ കൊണ്ട് ഒട്ടിച്ചതിനാല്‍ തല അച്ഛന്റെ നെഞ്ചിന്റെ ഉള്ളില്‍ ആണെന്ന തരത്തിലാണ് ചിത്രം വ്യാഖ്യാനിക്കപ്പെട്ടത്.

എന്താണ് കങ്കാരൂ മദര്‍ കെയര്‍..?

കാങ്കരൂ മദര്‍ കെയര്‍, സ്‌കിന്‍ ടു സ്‌കിന്‍ കെയര്‍, കാങ്കരൂ ഫാദര്‍ കെയര്‍ എന്നീ പേരുകളില്‍ ഈ പരിചരണം അറിയപ്പെടുന്നുണ്ട്. മാസം തികയാതെ പ്രസവിക്കല്‍, തൂക്കക്കുറവുള്ള നവജാത ശിശുക്കള്‍ തുടങ്ങിയവര്‍ക്ക് മാതാവിന്റേയോ പിതാവിന്റേയോ ശരീരത്തിന്റെ ചൂട് പകര്‍ന്നു നല്‍കുന്ന പരിചരണ രീതിയാണ് ഇത്. മാതാപിതാക്കളുടെ ശരീരവുമായി ചേര്‍ത്ത് വെയ്ക്കുന്നത് മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ വേഗത്തിലുള്ള വളര്‍ച്ചയെ സ്വാധീനിക്കുന്നു. മാതാപിതാക്കളുടെ സ്ഥിരതയുള്ള ശരീര താപനില നവജാത ശിശുവിന്റെ കുഞ്ഞിന്റെ താപനിലയെ സുഗമമാക്കുന്നതിന് സഹായിക്കുന്നു. ഒരു ഇന്‍കുബേറ്ററിനേക്കാള്‍ മികച്ച പരിചരണമാണ് ഇതിലൂടെ കുഞ്ഞിന് ലഭിക്കുന്നതെന്നാണ് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നത്.

Due to lack of oxygen, the father openned his chest and converted it into incubation for his new born baby girl.. and…

Gepostet von Peter Hein am Sonntag, 18. März 2018

കങ്കാരൂ മദര്‍ കെയര്‍ എങ്ങനെ?

കങ്കാരു പൊസിഷന്‍, കങ്കാരൂ ന്യൂട്രീഷന്‍, കങ്കാരൂ ഡിസ്ചാര്‍ജ് എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായാണ് കങ്കാരൂ മദര്‍ കെയര്‍ പരിചരണം ഉറപ്പാക്കുന്നത്. മാതാവിന്റേയോ പിതാവിന്റേയോ നെഞ്ചോട് ചേര്‍ത്ത് വയ്ക്കുന്ന ഡയറക്ട് സ്‌കിന്‍ ടു സ്‌കിന്‍ കോണ്ടാക്ട് ആണ് കങ്കാരൂ പൊസിഷന്‍.

അമ്മയുടെ ശരീരത്തിനൊപ്പം കുഞ്ഞിനെ ചേര്‍ത്തുവെച്ച് കുഞ്ഞിന്റെ താപനില ക്രമീകരിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം ഇടയ്ക്കിടെയുള്ള മുലയൂട്ടല്‍ കുഞ്ഞിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതാണ് കങ്കാരൂ ന്യൂട്രീഷന്‍.

പ്രസവത്തിന് ശേഷം നവജാത ശിശുവിനേയും അമ്മയേയും എത്രയും പെട്ടന്ന് ആശുപത്രി സാങ്കേതികത്വത്തില്‍ നിന്നും സ്വാഭാവിക അവസ്ഥയിലേക്ക് മാറ്റുന്ന രീതിയാണ് കങ്കാരു പ്രൊസീജിയര്‍. അമ്മയ്ക്ക് കുഞ്ഞിനെ മുലയൂട്ടാനും കുഞ്ഞിന്റെ പൂര്‍ണപരിചരണം ഏറ്റെടുക്കാനും കഴിയുന്ന സ്റ്റേജ് ആണ് ഇത്.

കങ്കാരൂ മദര്‍ കെയറിന്റെ ഗുണങ്ങള്‍

നവജാത ശിശുവിന്റെ തൂക്കക്കുറവ്, കുഞ്ഞുങ്ങള്‍ക്കുണ്ടാവുന്ന അണുബാധ, തുടങ്ങിയ തടയാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇത്തരത്തിലുള്ള പരിചരണത്തിലൂടെ സാധിക്കും.

നവജാത ശിശുവിന്റെ ആരോഗ്യത്തെ അടിസ്ഥാനമാക്കി 60 മിനിറ്റ് മുതല്‍ 12 ആഴ്ച വരെയാണ് കെ.എം.സി നിര്‍ദ്ദേശിക്കുന്നത്. നവജാത ശിശുക്കളും അമ്മയുമായുള്ള മാനസിക ബന്ധത്തെ സ്വാധീനിക്കാനും ഈ പരിചരണ രീതിക്ക് സാധിക്കുമെന്നാണ് വിശദീകരിക്കപ്പെടുന്നത്.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ഷിനു ശ്യാമളന്‍

LEAVE A REPLY

Please enter your comment!
Please enter your name here